Tuesday, February 3, 2009

വാചകമടി @ ലാവ്ലിന്‍

കേരളത്തിലെ മാധ്യമങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്നത് ലാവ്ലിനും, പിണറായിയും ആണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇതുമായി ബന്ധപ്പെട്ട് തീപാറുന്ന വാചക കസര്‍ത്തും നമ്മള്‍ കണ്ടു കഴിഞ്ഞു. സി.പി.എം ല്‍ മറ്റൊരിക്കലുമില്ലാത്ത രീതിയിലുള്ള വ്യക്തിപൂജയും, വ്യക്തി ഹത്യയും വാചകങ്ങളായി അനര്‍ഗളം പ്രവഹിക്കുന്നു. പിണറായിയോടുള്ള കൂറ് ഓരോ വാചകത്തിലും ഉറപ്പിക്കാന്‍ നേതാക്കള്‍ തമ്മില്‍ മത്സരമാണ്.
മന്ത്രി കോടിയേരിയാണ് മുന്‍ മന്ത്രി എന്നുള്ളത് പിണറായി തന്നെയാണെന്ന് പൊതു ജനത്തിനു വ്യക്തമാക്കി കൊടുത്തത്.പിണറായിക്കെതിരെയുള്ളത്, പാര്‍ട്ടിക്കെതിരായ ആക്രമണമായി കാണുമെന്നും , പാര്‍ട്ടി അതിനെ രാഷ്ട്രീയമായി നേരിടും എന്നും അദ്ദേഹം പറഞ്ഞു വെച്ചു. സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയാണ് ഇത്തരത്തില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സംസാരിക്കുന്നതു പോലെ സംസാരിച്ചത് എന്നോര്‍ക്കണം.പോലീസ് സ്റ്റേഷനിന്‍ ബോംബുണ്ടാക്കുമെന്നു പറഞ്ഞയാളില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കരുത്.
എപ്പോഴുമെന്ന പോലെ മന്ത്രി സുധാകരന്‍ നായരാണ് വാചകം കൊണ്ട് ഉജ്ജ്വല പ്രകടനം നടത്തിയത്. ലാവ്ലിന്‍റെ പേരില്‍ ആരെങ്കിലും പിണറായിയുടെ കൊലം കത്തിച്ചാല്‍ ആ കൈ വെട്ടുമെന്ന് പറഞ്ഞത് പോരാഞ്ഞ് ആ കേസില്‍ ഒന്നാം പ്രതിയായി ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു വച്ചു. ഇത് തെരുവു ഗുണ്ടകളുടെ ശിങ്കിടികള്‍ യജമാന പ്രീതിക്കായി പറയുന്ന വാചക്കത്തിന്‍റെ നിലവാരത്തിലുള്ളതാണ്.കുറച്ചു ദിവസം കഴിഞ്ഞ് അദ്ദേഹം വി.എസ്സിനെ അഭിനവ ഗോര്‍ബച്ചേവ് ആക്കി ആദരിക്കുകയും ചെയ്തു.
കൂട്ടത്തില്‍ അതിബുദ്ധിമാനെന്നു തോന്നിപ്പിച്ചിരുന്ന തോമസ് ഐസക് ഇതിനിടയില്‍ മഹാകാര്യമെന്ന നിലയില്‍ ഒരു കാര്യം അവതരിപ്പിക്കുന്നത് കണ്ടു. ലാവ്ലിന്‍ കേസില്‍ 300 കോടിയില്‍ പരം നഷ്ടമായി എന്നു പറയുന്നതു മണ്ടത്തരമാണെന്നും, വെറും 186 കോടി മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളു എന്നും സമര്‍ത്ഥിച്ചു. 186 കോടി വേണ്ട പൊതു ഖജനാവില്‍ നിന്ന് ഒരു രൂപ പോലും നഷ്ടമാക്കുന്നതും ഗുതുരരമായ കുറ്റമാണെന്ന് ധന മന്ത്രി തന്നെ മറന്നു പോയെന്ന് തോന്നുന്നു.
കെ.ഇ.എന്‍ കുഞ്ഞഹമ്മദിനെ ഇവിടെ സ്മരിക്കാതെ വയ്യ. പു.ക.സയില്‍ പിണറായി കനിഞ്ഞു നല്‍കിയ സ്ഥാനത്തിനുള്ള ഉപകാര സ്മരണ വേണമല്ലോ. ആളാവാന്‍ നോക്കേണ്ട എന്ന് വി.എസ്സ് നെ വിരട്ടിയയാള്‍, തിരുവനന്തപുരത്തെത്തിയപ്പോള്‍ അദ്ദേഹത്തെ മന്ദബുദ്ദി എന്നും വിളിച്ച് സായൂജ്യം അടയുകയും ചെയ്തു. ഇതിനിടയില്‍ കെ.ഇ.എന്നിന്‍റെ സഹയാത്രികനായിരുന്ന ഒരു വ്യക്തി അദ്ദേഹം ഇടതു പക്ഷത്തെ തീവ്രവാദികളുമായി ബന്ധിപ്പിക്കുന്ന കണ്ണിയാക്കിക്കൊണ്ട് പുസ്തകം പ്രസിദ്ധീകരിച്ചതായി കണ്ടു.
പി.ഡി.പി നേതാവ് പൂന്തുറ സിറാജിന്‍റെ പ്രസ്താവന വേറിച്ചു നില്‍ക്കുന്നു. ഇടതു - ഫാസിസ്റ്റു വിരുദ്ധ - മതേതര ചേരിയെ നശിപ്പിക്കന്‍ നടത്തുന്ന ഗൂഢാലോചനയാണിതെന്നാണ് അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തും. ഈ പ്രസ്ഥാവന നടത്താന്‍ യോജിച്ച ആള്‍ തന്നെ!!!.
ബി.ജെ.പി. കോണ്‍ഗ്രസ് നേതാക്കളും പുറകോട്ടു പോയില്ല... പി.ബി ക്ക് ലാവ്ലിന്‍ ഓഹരി കിട്ടിയിട്ടുണ്ടെന്ന കാര്യത്തില്‍ കൃഷ്ണദാസിനും, രമേശിനും അഭിപ്രായ ഐക്യം.
എങ്ങെനെയെങ്കിലും ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റാന്‍ നടക്കുന്ന മുരളീധരന്‍റെ യു.ഡി.എഫ് പ്രവേശം ഏകദേശം അടഞ്ഞപ്പോള്‍ അദ്ദേഹത്തിനും ഇത് രാഷ്ടീയ പ്രേരിതമായി.

ഏതായാലും തന്നെ മന്ദബുദ്ദിയെന്നു വിളിച്ചയാളെ ചുരുങ്ങിയ പക്ഷം ഒരു കുരങ്ങനെന്നെങ്കിലും വിളിക്കാതിരിക്കുന്നതെങ്ങിനെ, വി.എസ്സ് വിളിച്ചു ഇവിടെ വച്ചല്ല അങ്ങ് ഡെല്‍ഹിയില്‍ വച്ച് വിളിച്ചു കുഞ്ഞഹമ്മദിനെ. വി.എസ്സ് വികാരത്തില്‍ തെന്നിയന്നും പറഞ്ഞ് കുഞ്ഞഹമ്മദ് കരയുന്നതും കണ്ടു.

വാല്‍ക്കഷ്ണം :- യഥാര്‍ത്ഥത്തില്‍ അഭിപ്രായം പറയേണ്ടവര്‍ ഇക്കാര്യത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. അതിനു കുറച്ചു കൂടി കാത്തിരിക്കണം, അടുത്ത പാര്‍ലിമെന്റ് ഇലക്ഷന്‍ വരെ...

1 comment:

  1. valary nannaitund oru karyam marannu ellavarayum pola thanna achu mamanum ithil und

    ReplyDelete

നിങ്ങളുടെ വിലയിരുത്തല്