Wednesday, July 23, 2008

മഴമേഘങ്ങള് കയ്യോഴിഞ്ഞ കേരളം

വരാന് പോകുന്ന തീക്ഷ്ണ വേനലിന്റെ മുന്നറിയിപ്പായി മഴ മേഘങ്ങള് കേരളത്തില് ഒളിച്ചു കളിനടത്തുന്നു. വറ്റി വരണ്ട പുഴകളും-ജലാശയങ്ങളും, പച്ചപ്പു നഷ്ടപ്പെട്ട വൃക്ഷത്തലപ്പുകളും, പൊടി വിതറി ചുറ്റിയടിക്കുന്ന വരണ്ട ഉഷ്ണക്കാറ്റും വിദൂരമല്ലന്ന ഓര്മ്മ ഭയപ്പെടുത്തുന്നു.


കേളത്തിന്റെ കാലാവസ്ഥ പെട്ടന്നൊരു ദിവസം കൊണ്ടോ, ഒരുമാസം കൊണ്ടോ, ഒരു വര്ഷം കൊണ്ടോ അല്ല മാറിയിരിക്കുന്നത്. പടിപടിയായിട്ടുള്ള മാറ്റത്തിന്റെ അവസാനത്തോട് അടുത്ത ഘട്ടമായിരിക്കാം അത്. വായാടിയുടെ കുട്ടിക്കാലത്തെ മഴക്കാലം പെട്ടന്ന് ഓര്മ്മ വരികയാണ്. ഏകദേശം സ്കൂള് തുറക്കുന്നതും, മഴവരുന്നതും ഒരേ ദിവസമായിരിക്കും, കുടയും, ബാഗും, നനഞ്ഞ ചെരിപ്പുകളുമായി സ്കൂളില് ചെന്ന് കയറുന്നു, ശേഷം നനഞ്ഞ കുടയും, ചെരിപ്പും ഉരു മൂലക്ക് ഊരി വച്ചശേഷം, നനഞ്ഞ വസ്ത്രത്തിന്റെ തണുപ്പുമായി ക്ലാസിലിരിക്കുന്നത്. ഏകദേശം ഉച്ച സമയത്തോട് അടുക്കുന്പോള് മഴക്ക് ചെറിയ കുറവു വരും ചെറിയ വെയില് പരന്നെന്നും വരാം എല്ലാം കുറച്ചു സമയത്തേക്ക് മാത്രം. വീണ്ടും പടിഞ്ഞാറന് മാനം കറുത്തു തുടങ്ങും, ചീറയടിക്കുന്ന കാറ്റ് മരത്തലപ്പുകളെ പിടിച്ച് ഉലക്കും. കാതടപ്പിക്കുന്ന ശബ്ദത്തോടെ മിന്നല് പിണരുകള് ഭൂമിയിലേക്ക് താണിറങ്ങുമ്പോള് പേടി തോന്നാതിരിക്കാന് കൂട്ടുകാരോട് കൂടുതല് ചേര്ന്നിരിക്കും. മിക്കവാറും നാലു മണിയാകുന്നതിനു മുന്പു തന്നെ രാത്രിയായ പ്രതീതി ഉണ്ടാവും. സ്കൂള് കഴിഞ്ഞ ഉടനെ വീട്ടിലെത്താനുള്ള തിടുക്കമാണ് (എന്തോ മഴക്കാലത്ത് പൊതുവെ വിശപ്പും കൂടുതലായിരിക്കും) . ഇപ്പോള് വെള്ളം കെട്ടിക്കിടക്കുന്നതാ ഒഴിവാക്കി പോകാന് നോക്കുമെങ്കിലും അക്കാലത്ത് വെള്ളത്തില് നീന്തിയേ പോകൂ. ആ തണുപ്പില് വീട്ടിലെത്തുമ്പോള് അമ്മ തരുന്ന ചൂടുള്ള ചായക്ക് ഒരു പ്രത്യേക സുഖമാണ്. തീരപ്രദേശത്താണ് വീട് എന്നുള്ളതു കൊണ്ട് രാത്രിയാകുന്നതോടു കൂടി കടലിരമ്പം കനക്കും, മഴക്കും കാറ്റിനും മുന്നോടിയായി അതു ഉച്ച സ്ഥായിയിലാവും. മിക്കവാറും കാറ്റില് മരച്ചില്ലകളോ, വലിയ തെങ്ങുകളോ വീണ് കരണ്ട് പോകും. ആ സമയത്ത് നാട്ടു വെളിച്ചത്തിന്, വലിയ തെങ്ങുക്ള് ഇപ്പെ നിലം പറ്റും എന്ന വിധത്തില് ഉലയുന്ന ഭീതജനകമായ കാഴ്ചയും, കാറ്റിന്റെ ഹുങ്കാര ശബ്ദവും . പേടി കൊണ്ട് പലരാത്രികളിലും ശരിക്ക് ഉറങ്ങാന് സാധിക്കാറില്ല. രാവിലെ എഴുന്നേറ്റു നോക്കുമ്പോള് മുറ്റം മുഴുവന് ഇലകളും, ചെറിയ മരച്ചികളും കൊണ്ടു മൂടിയരിക്കും. മിക്കവാറും അടിത്തെവിടെയെങ്കിലും മരം വെട്ടിമാറ്റുന്ന ശബ്ദവും കേള്ക്കാം.ഇതെല്ലാം പഴങ്കഥ, കഴിഞ്ഞ ഏതാനും വര്ഷങ്ങളായി മഴക്ക് വന്ന വലിയ മാറ്റം എന്നു പറയാവുന്നത്, മഴക്ക് അകമ്പടി സേവിച്ചിരുന്ന കാറ്റ് ഇല്ലാതാകുകയോ, ശക്തി ക്ഷയിക്കുകയോ ചെയ്തു എന്നുള്ളതാണ്. മരങ്ങള് കടപുഴകുന്നതും അപൂര് വമായി. അക്കാലത്ത് മഴക്കാലത്ത് മേഘങ്ങളെ നോക്കിയാല് അക്ഷരാര്ത്ഥത്തില് തന്നെ പറന്ന് പോകുന്നതായി കാണാമായിരുന്ന. ഇപ്പോള് ഏകദേശം ക്ലോക്കിലെ സൂചിയുടെ വേഗത്തിലാണ് മേഘങ്ങളുടെ പോക്ക്. പക്ഷേ കാലം തെറ്റിയും, ഏതെങ്കിലും പ്രത്യേക പ്രദേശം കേന്ദ്രീകരിച്ചുമുള്ള ചെറിയ ചുഴലിക്കാറ്റ് വ്യാപകമായി ഉണ്ടാകുന്നു.


കാലാവസ്ഥാമാറ്റം കേരളത്തില് മാത്രമല്ല. കഴിഞ്ഞ ദിവസം സൈപ്രസു കാരനായ ഒരു വ്യക്തിയെ പരിചയപ്പെട്ടിരുന്നു. അവിടെ മഴ പെയ്തിട്ട് 3 വര്ഷമായത്രെ, കേരളം പോലെ പച്ചപ്പു നിറഞ്ഞതായിരുന്ന ആ പ്രദേശം ഇപ്പോള് ഏകദേശം മരുഭൂമിക്ക് സമാനമായിരിക്കുന്നു. ഇപ്പോള് വലിയ കപ്പലുകളില് ഈജിപ്റ്റില് നിന്ന് വെള്ളം എത്തിച്ചാണ് അവിടെ കാര്യങ്ങള് നടക്കുന്നത്. സമാന അവസ്ഥക്ക് ചിലപ്പോള് നമ്മളും ഏറെ കാത്തിരിക്കേണ്ടി വരില്ല എന്നു തോന്നുന്നു.

നിങ്ങളുടെ വിലയിരുത്തല്