സാധാര ഹിന്ദു മതത്തില്‍ പെട്ടവര്‍ ഏതു നല്ലകാര്യം ചെയ്യുന്നതിനു മുന്‍പും, വിഘ്നേശ്വരനായ ഗണപതിയെ പ്രീതിപ്പെടുത്താന്‍ പൂജകള്‍ ചെയ്യുന്ന പതിവുണ്ട്. മാര്‍ഗ്ഗ വിഘ്നങ്ങള്‍ മാറ്റാന്‍ വിഘ്നേശ്വര പ്രീതി ഉത്തമം ആണെന്നാണ് വിശ്വാസം. എന്നാല്‍ ഈ വിഘ്നേശ്വരന്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ വിഘ്നം ഉണ്ടാകുന്ന ഈശ്വരനാകാന്‍ പോകുന്ന കാഴ്ച കാണണമെങ്കില്‍ കൊച്ചി നഗരത്തിലേക്ക് വരിക.
കൊച്ചിയില്‍ അടുത്തകാലത്ത് വളരെ വിവാദം ഉണ്ടാക്കുകയും, അവസാനം ഒരു പരിധി വരെ വികസിക്കുകയും, വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും വലിയ പ്രശ്നമില്ലാതെ സഞ്ചരിക്കാം എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്ത ഒരു റോഡാണ് നഗരത്തിന്‍റെ കിഴക്കു പടിഞ്ഞാറായി കിടക്കുന്ന സഹോദരന്‍ അയ്യപ്പന്‍ റോഡ്. ആ റോഡിലെ കുപ്പിക്കഴുത്താണ് സൌത്ത് റയില്‍വേ മേല്‍പ്പാലം, റോഡ് ഏകദേശം മുഴുവനും ആയിത്തന്നെ നാലു വരിയാവുകയും, മേല്‍പ്പാലം മാത്രം രണ്ടു വരിയായി തന്നെ തുടരുകയും ചെയ്തതു കൊണ്ടുള്ള ഒരു പ്രശ്നമാണിത്. ആ മേല്‍പ്പാലം വികസിപ്പിക്കാന്‍ നഗരസഭ പല വഴികളും ആലോചിക്കുന്നതായാണ് അറിവ്. ഇതിനിടയിലാണ് സാക്ഷാല്‍ വിഘ്നേശ്വരന്‍റെ നില്‍പ്. മേല്‍പ്പാലത്തിന്‍റെ പടിഞ്ഞാറുഭാഗത്തായി തെക്ക് വശത്തായാണ് അദ്ദേഹത്തിന്‍റെ നില്‍പ്. റോഡില്‍ നിന്ന് അധികം ഒന്നും ദൂരയല്ലാതെ, ഏകദേശം ഒരു മീറ്ററോളം ഉയരമുള്ള തറയില്‍ ആണ് വിഗ്രഹം വച്ചിരിക്കുന്നത്. ദിവസവും മുടങ്ങാതെ ചന്ദനത്തിരിയും നിവേദ്യവുമൊക്കെയുണ്ട്. ആ നില്‍പ്പിന് സാധാരണ ദൈവ വിഗ്രഹങ്ങള്‍ക്കുള്ളതു പോലെ നൂറ്റാണ്ടുകളുടെ പഴക്കമൊന്നുമില്ല. അവിടെ പുതിയ കെട്ടിടങ്ങളോടൊപ്പം മുളച്ചു പൊന്തിയതാണീ വിഘ്നേശ്വര വിഗ്രഹമെന്നാണ് അറിവ്.
നില്പിലും, ഭാവത്തിലും ശാന്തമാണെങ്കിലും, സൌത്ത് മേല്പാലത്തിന്‍റെ വികസനത്തിന് ഏറ്റവും വലിയ തടസ്സം ആ വിഗ്രഹമാകം.ദിവസങ്ങള്‍ കഴിഞ്ഞു പോകുന്തോറും വിഗ്രഹത്തിന് ഉറപ്പും കൂടും. അധികാരികളൊന്നും അതു കണ്ട ഭാവമില്ല, അല്ലെങ്കില്‍ അവരുടെ അനുഗ്രഹാശിസുകളോടെ ആയിരിക്കാം അത് അവിടെ സ്ഥാപിച്ചത്. എന്തായാലും വിഘ്നേശ്വരനെ വച്ചു തന്നെ വിഘ്നം ഉണ്ടാക്കാം എന്നു കണ്ടു പിടിച്ച ആളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഇത് ഇവിടത്തെ മാത്രം കാര്യമല്ല, ആരാധനാലയങ്ങള്‍ സ്ഥാപിച്ച്, തങ്ങളുടെ സ്ഥലം സംരക്ഷിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കേരളത്തില്‍ കൂടിക്കൊണ്ടിരിക്കുന്നു.
No comments:
Post a Comment